Samstha Kerala Muslim Employ's Association
സമസ്ത കേരള മുസ്‌ലിം എംപ്ലോയീസ് അസോസിയേഷന്‍
അവകാശങ്ങളെക്കുറിച്ചും അവ നേടിയെടുക്കേണ്ടതിന്റെ അനിവാര്യതയെക്കുറിച്ചുമാണ് സമസ്ത മേഖലകളിലും ചര്‍ച്ചയും മുറവിളിയും നേടിയെടുത്ത അവകാശങ്ങളില്‍ ഒന്നിനെങ്കിലും കൊച്ചു കോട്ടം തട്ടുമെന്ന് സൂചന വരുമ്പോഴേക്കും സടകുടഞ്ഞെഴുന്നേല്‍ക്കുവാനും പ്രതിരോധിക്കുവാനും എന്തു വില കൊടുത്തും എതിര്‍ത്തു തോല്‍പ്പിക്കുവാനും ഇന്ന് സമൂഹം വിശിഷ്യ തൊഴിലാളി സമൂഹം ജാഗരുകരാണ്. എന്നാല്‍ ഇതേആവേശവും ജാഗ്രതയും ഈ സമൂഹം നിര്‍വ്വഹിക്കേണ്ട ബാധ്യതകളെപ്പറ്റിയുണ്ടോ എന്നു പോലും ചര്‍ച്ചക്ക് വിഷയീഭവിക്കുന്നില്ല “പണിമുടക്കം നൂറ്റൊന്നാം ദിവസം” എന്ന് ബോര്‍ഡ് വെക്കുന്നത് കണ്ടിട്ടില്ല.
ധാര്‍മ്മിക മൂല്യങ്ങള്‍ക്ക് വിലകല്‍പ്പിക്കാത്ത അഴിമതിയുടെ പര്യായങ്ങളായ വിഭാഗമായിട്ടാണ് ഉദ്യോഗസ്ഥരെയും ഒരു വിഭാഗം രാഷ്ട്രീയ നേതാക്കളെയും പൊതുജനം വിലയിരുത്തുന്നത്.
ഈയൊരു സാഹചര്യത്തിലാണ് ഉത്തമ തൊഴില്‍ സംസ്‌കാരത്തെപ്പറ്റിയും ചുമതലാബോധമുള്ള ഒരു ഉദ്യോഗസ്ഥ സമൂഹത്തിന്റെ പുനഃസൃഷ്ടിപ്പിനെക്കുറിച്ചും ഓര്‍മ്മപ്പെടുത്താനായി ഒരു സംഘശക്തിക്ക് നേതൃത്വം നല്‍കാന്‍ കേരളത്തിലെ ഏറ്റവും വലിയ ഇസ്‌ലാമിക പണ്ഡിത സംഘടന മുന്നോട്ടു വന്നത്. അഹ്‌ലുസ്സുന്നത്ത് വല്‍ ജമാഅത്തിന്റെ ആശയാദര്‍ശങ്ങള്‍ അംഗീകരിച്ചു പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥ സമൂഹത്തിന്റെ കൂട്ടായ്മയാണ് സമസ്ത കേരള മുസ്‌ലിം എംപ്ലോയീസ് അസോസിയേഷന്‍ SKMEA
അല്‍പമൊക്കെ പഠിച്ച് ബിരുദം സമ്പാദിച്ച് ഒരു ജോലിയും നേടിയാല്‍ പിന്നെ ഇസ്‌ലാമിക സംസ്‌കാരത്തോടും വേഷത്തോടും ചിഹ്നങ്ങളോടും പുറംതിരിഞ്ഞുനില്‍ക്കുന്ന പ്രവണത ചിലരിലെങ്കിലുമുണ്ട്. ആധുനികരെഴുതിയ ചില ഗ്രന്ഥങ്ങളിലൂടെയും ഏതാനും ഫ്രൈഡേ പ്രഭാഷണങ്ങളിലൂടെയും മാത്രം ഇസ്‌ലാമിനെ പഠിക്കാന്‍ അവസരം ലഭിച്ച ചിലരാണ് പാരമ്പര്യത്തെയും തനിമയെയും ചോദ്യം ചെയ്യാനും യാഥാര്‍ത്ഥ ദീനിനെ തെറ്റിദ്ധരിക്കാനും തയ്യാറാകുന്നത്. അജ്ഞത കൊണ്ടോ അല്‍പജ്ഞാനം കൊണ്ടോ സംഭവിക്കുന്ന ഇത്തരം പ്രവണതകള്‍ക്കെതിരെയുള്ള പ്രവര്‍ത്തനങ്ങളും SKMEAയുടെ അജണ്ടയിലുണ്ട്. നവീനാശയക്കാരുടെ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം നിരീശ്വര പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങളും കൂടുതല്‍ വശീകരിക്കുന്നത് അഭ്യസ്ഥ വിദ്യരെയും ഉദ്യോഗസ്ഥരെയുമാണ്. ശാസ്ത്ര ചിന്തയുടെ മറവില്‍ ദൈവനിഷേധവും മതനിരാസവും പ്രചരിപ്പിക്കുന്ന കുല്‍സിതശ്രമങ്ങള്‍ക്കെതിരെ പ്രതിരോധ പ്രവര്‍ത്തനങ്ങളും ദീനിദഅ്‌വത്തിലൂടെ തെറ്റിദ്ധാരണ നീക്കുന്ന പ്രബോധന പ്രചാരണങ്ങളും നടത്താനും ഇങ്ങനെയൊരു കൂട്ടായ്മ അനിവാര്യമാണ്.
ക്ലോക്ക് നോക്കി പണിയെടുക്കുകയും കലണ്ടര്‍ നോക്കി ശമ്പളം വാങ്ങുകയും ചെയ്യല്‍ മാത്രമല്ല ഉദ്യോഗസ്ഥരുടെ ബാധ്യത എന്ന് SKMEA വിളിച്ചു പറയുന്നു. മേശപ്പുറത്ത് കുന്നുകൂടിക്കിടക്കുന്ന ഫയല്‍കൂമ്പാരത്തിനിടയില്‍ നിറഞ്ഞു നില്‍ക്കുന്നത് സമൂഹത്തിലെ ഓരോ വ്യക്തിയുടെയും നീറുന്ന ജീവല്‍ പ്രശ്‌നങ്ങളാണെന്ന ബോധം പല ഉദ്യോഗസ്ഥര്‍ക്കുമില്ല. ഒരേ കാര്യത്തിന് ഒരു കാരണവുമില്ലാതെ എട്ടും പത്തും തവണ ഒരാളെ ഓഫീസിന്റെ പടികയറ്റിയിറക്കുന്നവരാണ് ചില ഉദ്യോഗസ്ഥര്‍. പഴയ തറവാട്ടുകാരണവരെപ്പോലെ പൊതുജനങ്ങളോട് പെരുമാറുന്ന ഓഫീസ് മേധാവികള്‍ മാത്രമല്ല. ശിപായിമാര്‍ പോലും ചില ഓഫീസുകളുടെ ശാപമാണ്. ഫയലിനൊപ്പം കിമ്പളമെന്ന കനംവെക്കുമ്പോള്‍ മാത്രം ഫയലില്‍ ഒപ്പിടാന്‍ മനസ്സുകാണിക്കുന്നവരും വിരളമല്ല. ശമ്പളവും ക്ഷാമബത്തയും നിര്‍ലോഭം ലഭിക്കുമ്പോഴും പാവപ്പെട്ടവന്റെ കണ്ണീര്‍പ്പണം കൈക്കൂലി കിട്ടിയാല്‍ മാത്രമേ അനുകൂല നിലപാടെടുക്കൂ എന്ന് വരുന്നത് എത്രമാത്രം കഷ്ടമാണ്? സ്വാധീനം ചെലുത്താനാവാത്ത സാധാരണക്കാരന് നീതി താമസിപ്പിക്കുന്നതും അനീതിയും അക്രമവും തന്നെ. അഴിമതിരഹിതമായ ഒരു സിവില്‍ സര്‍വ്വീസിനെ പൊതു സമൂഹത്തില്‍ വളര്‍ത്തിയെടുക്കേണ്ടത് ഒരനിവാര്യതയായി SKMEA തിരിച്ചറിയുന്നു.
ഓഫീസ് തുടങ്ങുന്നത് പത്ത്മണിക്കും അവസാനിക്കുന്നത് അഞ്ച് മണിക്കുമാണെങ്കിലും ഓഫീസിനടുത്തുകൂടെ പോകുന്ന ട്രെയിനിന്റെയും ബസ്സിന്റെയും സമയം കണക്കാക്കി ഓഫീസ് സമയം ചുരുക്കി ക്രമീകരിക്കുന്നത് കേരളത്തിലെ കാഴ്ചയാണ്. ഇത്തരം പ്രവണതകള്‍ക്കെതിരെ വകുപ്പുതല നടപടിയോ പൊതുജനവികാരമോ ഉയരുമ്പോള്‍ അതിനെതിരെ സംഘശക്തിയും സര്‍വ്വീസ് സംഘടനാ സംവിധാനവും ട്രേഡ് യൂണിയനിസവും ഉപയോഗപ്പെടുത്തി ഈ അവകാശം സംരക്ഷിക്കാന്‍ ഉദ്യോഗസ്ഥ സമൂഹം തയ്യാറാകുന്നതും ഇന്ന് വാര്‍ത്തയല്ല. നിയമത്തിന്റെ നൂലാമാലയില്‍ കുടുക്കി ഓഫീസില്‍ വരുന്നവരെ മടക്കി അയക്കുന്ന ഉദ്യോഗസ്ഥ സമൂഹത്തിനിടയില്‍ നിയമപ്രകാരം ചെയ്യാന്‍ കഴിയുന്നതെല്ലാം പൊതുജനങ്ങള്‍ക്ക് ചെയ്തു കൊടുക്കുക എന്ന സന്ദേശ പ്രചാരണവും SKMEAയുടെ ബാധ്യതാ പട്ടികയിലുണ്ട്. തൊഴിലാളി തൊഴില്‍ ചെയ്യുന്നത് പ്രതിഫലത്തിനാണെന്നത് വസ്തുതയാണ്. എന്നാല്‍ കൂലിയെക്കുറിച്ച് മാത്രം സംസാരിക്കുകയും ജോലിയെപ്പറ്റി വല്ലപ്പോഴും മാത്രം ചിന്തിക്കുകയും ചെയ്യുന്നത് ഉത്ബുദ്ധ സമൂഹത്തിന് ഭൂഷണമല്ല. തൊഴിലാളിയുടെ വിയര്‍പ്പ് വറ്റുന്നതിന് മുമ്പ് കൂലി കൊടുക്കണമെന്ന് നിര്‍ദ്ദേശിച്ച ഇസ്‌ലാം തൊഴിലാളി തന്റെ തൊഴിലിനോട് പ്രതിബദ്ധതയും ആത്മാര്‍ത്ഥതയും പുലര്‍ത്തേണ്ടതിന്റെ അനിവാര്യതയും എടുത്തു പറഞ്ഞിട്ടുണ്ട്. പണി കിട്ടാനാണ് പണി. പണി കിട്ടിയാല്‍ പിന്നെ പണിയില്ല എന്ന ചൊല്ല് സര്‍ക്കാരുദ്യോഗത്തെയും പൊതുമേഖലാസ്ഥാപനത്തിലെതൊഴിലിനെയും സംബന്ധിച്ച് നാട്ടില്‍ പ്രചരിച്ച ചൊല്ലാണ്. കോളറില്‍ വിയര്‍പ്പ് പറ്റാതെയും ഇസ്തിരി ചുളിയാതെയും നിശ്ചിത സമയം ജോലി സ്ഥലത്ത് കഴിച്ചു കൂട്ടാന്‍ പെടാപ്പാട് നടത്തുന്ന ചിലരെയെങ്കിലും കണ്ടാല്‍ ഈ ചൊല്ലില്‍ പതിരില്ലെന്ന് തീര്‍ച്ചയായും തോന്നിപ്പോകും. ഓഫീസ് സമയത്തിന്റെ നല്ലൊരംശവും ശമ്പള പരിഷ്‌കരണവും ക്ഷാമബത്തയും ചര്‍ച്ച ചെയ്ത് നിര്‍വ്വഹിക്കപ്പെടേണ്ട ബാധ്യതയെ വിസ്മരിക്കുന്നവരെപ്പറ്റി പിന്നെ പൊതുജനം എന്താണ് പറയേണ്ടത്.?
സര്‍ക്കാര്‍ ജീവനക്കാരെയും പൊതുമേഖലാ സ്ഥാപനങ്ങളിലെ തൊഴിലാളികളെയും അധ്യാപകര്‍ ഡോക്ടര്‍മാര്‍, അഡ്വക്കറ്റുമാര്‍, ഐ.ടി. വിദഗ്ധര്‍ തുടങ്ങിയ പ്രൊഫഷണലുകളെയും മറ്റു സ്വതന്ത്ര മേഖലകളില്‍ സേവനം ചെയ്യുന്ന ഉദ്യോഗസ്ഥരെയും ഇസ്‌ലാമിന്റെ ആശയാദര്‍ശങ്ങളില്‍ അടിയുറപ്പിച്ച് നിര്‍ത്തുകയും ആവശ്യമായ സന്ദര്‍ഭങ്ങളില്‍ അവര്‍ക്ക് തങ്ങളുടെ ബാധ്യതകളെയും ചുമതലകളെയും കുറിച്ച് ക്യാമ്പുകളും ക്ലാസുകളും വഴി ഉദ്‌ബോധനം നല്‍കുകയും അതുവഴി ഉത്തമമായൊരു താഴില്‍ സംസ്‌കാരം വളര്‍ത്തിയെടുക്കുകയും ചെയ്യുക എന്ന മഹത്തായ ലക്ഷ്യത്തോടെയാണ് SKMEA പ്രവര്‍ത്തിക്കുന്നത്.
സമസ്തയുടെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് രൂപീകൃതമായ ഈ സംഘശക്തിക്ക് സംസ്ഥാന തലത്തിലും ജില്ലാതലങ്ങളിലും നേതൃത്വം നല്‍കുന്നത് കേരളത്തിലെ പ്രമുഖ സര്‍വ്വകലാശാലകളിലും മെഡിക്കല്‍ എഞ്ചിനീയറിംഗ് ശാസ്ത്ര സാങ്കേതിക കലാലയങ്ങളിലും മറ്റു വിദഗ്ധ രംഗങ്ങളിലും സേവനം ചെയ്യുന്ന ഉദ്യോഗസ്ഥ പ്രമുഖരാണ്.
പല കാരണങ്ങളാല്‍ വിദ്യാഭ്യാസ ഉദ്യോഗ രംഗങ്ങളില്‍ പിന്നാക്കം പോയ മുസ്‌ലിം ന്യൂനപക്ഷത്തെ സമൂഹത്തിന്റെ പൊതു ധാരക്കൊപ്പം കൈപ്പിടിച്ചുയര്‍ത്തുവാന്‍ ഒരു കൈത്താങ്ങായി പ്രവര്‍ത്തിക്കാന്‍ SKMEAക്ക് കഴിയുമെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ എന്ന തഖ്‌വയും സൂക്ഷ്മതയും ഇഖ്‌ലാസുമുള്ള പണ്ഡിത സഭക്ക് ശക്തി പകര്‍ന്നുകൊണ്ട് ഭൗതിക തലങ്ങളില്‍ ദീനിദഅ്‌വത്ത് നടത്താന്‍ ഈ സംഘശക്തിക്ക് കഴിയുമെന്നും തദ്വാര അഭ്യസ്ത വിദ്യര്‍ക്കും ഉദ്യോഗസ്ഥവൃന്ദത്തിനുമിടയില്‍ ഇസ്‌ലാമിനെ തെറ്റിദ്ധാരണയില്ലാത്ത വിധം പരിചയപ്പെടുത്താന്‍ ഈ കൂട്ടായ്മക്ക് സാധിക്കുമെന്നും അല്‍പകാലത്തെ പ്രവര്‍ത്തനം കൊണ്ട് SKMEA തെളിയിച്ചു കഴിഞ്ഞിരിക്കുകയാണ്. സര്‍വ്വശക്തന്‍ സഹായിക്കട്ടെ
No comments:
Post a Comment