Pages

Sunday, October 9, 2016

എന്താണ്‌ സമസ്ത

    
1925-ല്‍ പ്രമുഖ പണ്ഡിതന്‍മാരും സമുദായ നേതാക്കളും കോഴിക്കോട് വലിയ ജുമാമസ്ജിദില്‍ സമ്മേളിച്ചു. നീണ്ട ഗൗരവമേറിയ ചര്‍ച്ചകള്‍ക്കുശേഷം ഒരു പണ്ഡിത സഭയ്ക്ക് രൂപം കൊടുക്കുകയും ചെയ്തു. കെപി മുഹമ്മദ് മീറാന്‍ മുസ്‌ലിയാര്‍, പാറോല്‍ ഹുസൈന്‍ മൗലവി എന്നിവര്‍ യഥാക്രമം സംഘടനയുടെ പ്രസിഡണ്ട്, സെക്രട്ടറിമാരായി തെരഞ്ഞെടുക്കപ്പെട്ടു.
     വരക്കല്‍ ബാഅലവി മുല്ലക്കോയ തങ്ങളുടെ നിര്‍ദേശ പ്രകാരം 1926 ജൂണ്‍ 26-ന് സയ്യിദ് ശിഹാബുദ്ദീന്‍ ചെറുകുഞ്ഞിക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ പ്രശസ്തരായ പണ്ഡിതന്‍മാര്‍ പങ്കെടുത്ത ഒരു മഹാസമ്മേളനം കോഴിക്കോട് ടൗണ്‍ ഹാളില്‍ നടക്കുകയുണ്ടായി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയെന്ന പേരില്‍ അതിന് സമ്പൂര്‍ണ്ണ സംഘടനാ രൂപം ആവിഷ്‌കരിക്കുകയും ചെയ്തു. വരക്കല്‍ ബാ അലവി മുല്ലക്കോയ തങ്ങളെ സമസ്തയുടെ പ്രഥമ പ്രസിഡന്റായി കണ്‍വന്‍ഷന്‍ നാമനിര്‍ദ്ദേശം ചെയ്തു. പാങ്ങില്‍ അഹ്മദ്കുട്ടി മുസ്‌ലിയാര്‍, അബുല്‍ഹഖ് മുഹമ്മദ് അബ്ദുല്‍ ബാരി മുസ്‌ലിയാര്‍, കെഎം അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, കെപി മുഹമ്മദ് മീറാന്‍ മുസ്‌ലിയാര്‍ എന്നിവര്‍ പ്രഥമ കമ്മിറ്റിയിലെ ഉപാധ്യക്ഷന്‍മാരായും പി.വി മുഹമ്മദ് മുസ്‌ലിയാര്‍, പികെ മുഹമ്മദ് മുസ്‌ലിയാര്‍ എന്നിവര്‍ സെക്രട്ടറിമാരായും തെരെഞ്ഞെടുക്കപ്പെട്ടു.
      നിയമ വിദഗ്ധന്‍മാരുടെ ഉപദേശങ്ങള്‍ക്കനുസൃതമായി നിരവധി മുശാവറ യോഗങ്ങളിലെ സജീവ ചര്‍ച്ചകള്‍ക്ക് ശേഷം തയ്യാറാക്കപ്പെട്ട സമസ്തയുടെ ഭരണഘടന ഗവണ്‍മെന്റ് അംഗീകരിച്ചതോടെ, 1934 നവംബര്‍ 14ന് സമസ്ത ഔദ്യോഗികമായി കോഴിക്കോട് രജിസ്റ്റര്‍ ചെയ്യപ്പെട്ടു (രജി.നമ്പര്‍: ട1 193435)
സമസ്തയുടെ പ്രധാന ലക്ഷ്യങ്ങള്‍ ഇവയാണ്. 1) അഹ്‌ലുസ്സുന്നത്തി വല്‍ജമാഅത്തിന്റെ യഥാര്‍ത്ഥ ആശയാദര്‍ശങ്ങള്‍ക്കനുസരിച്ച് ഇസ്‌ലാമിക വിശ്വാസങ്ങളെയും ആചാരാനുഷ്ഠാനങ്ങളെയും പ്രബോധനം ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യുക. 2) അഹ്‌ലുസ്സുന്നത്തിവല്‍ ജമാഅത്തിന്റെ ആശയാദര്‍ശങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന സംഘടനകളെയും അവരുടെ കുപ്രചരണങ്ങളെയും നിയമാനുസൃതമായി എതിര്‍ക്കുകയും ചെറുക്കുകയും ചെയ്യുക. 3) മുസ്‌ലിം സമുദായത്തിന്റെ അവകാശ സംരക്ഷണത്തിനായി നിലകൊള്ളുക. 4) മതവിദ്യാഭ്യാസത്തിന് ഊന്നല്‍ കൊടുക്കുകയും മതവിശ്വാസത്തോടും മതസംസ്‌കാരത്തോടും കൈകോര്‍ത്തുപോകുന്ന മതേതര വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുകയും അതിനാവശ്യമായത് ചെയ്യുകയും ചെയ്യുക. 5) അന്ധവിശ്വാസങ്ങള്‍, അരാജകത്വം, അധാര്‍മികത, അനൈക്യം എന്നിവ തുടച്ചുനീക്കി മൊത്തത്തില്‍ മുസ്‌ലിം സമുദായത്തിന്റെ ക്ഷേമത്തിനും ഉന്നമനത്തിനുമായി പ്രവര്‍ത്തിക്കുക.
     1926 മുതല്‍ 1950 വരെ പൊതുസമ്മേളനങ്ങള്‍, ആശയസംവാദങ്ങള്‍, ചര്‍ച്ചാവേദികള്‍ തുടങ്ങിയവ സംഘടിപ്പിക്കുന്നതിലാണ് 'സമസ്ത' കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചത്. 1927നും 1944നുമിടയില്‍ വമ്പിച്ച ജനശ്രദ്ധയാകര്‍ഷിച്ച 15 വാര്‍ഷിക സമ്മേളനങ്ങള്‍ വ്യത്യസ്ത സ്ഥലങ്ങളില്‍ സംഘടിപ്പിച്ചു. 1950ഓടെ സംഘടന കേരളത്തില്‍ കൂടുതല്‍ വേരൂന്നുകയും ശക്തിപ്രാപിക്കുകയും ചെയ്തു. പിന്നീട് എട്ട് പൊതുസമ്മേളനങ്ങള്‍ കൂടി നടത്തി. കോഴിക്കോട് കടപ്പുറത്ത് നടന്ന 1985 ലെ 24-ാമത്തെയും 1996ലെ 25-ാമത്തെയും പൊതുസമ്മേളനങ്ങള്‍ വന്‍ജനപങ്കാളിത്തമുണ്ടായി.
      കാസര്‍കോഡ്, കോഴിക്കോട്, തൃശൂര്‍, കൊല്ലം, തിരുവനന്തപുരം എന്നീ അഞ്ചു പ്രധാന നഗരങ്ങളില്‍ പൊതുസമ്മേളനങ്ങള്‍ സംഘടിപ്പിച്ച് 'സമസ്ത' 2002-ല്‍ പ്ലാറ്റിനം ജൂബിലി സമുചിതമായി ആഘോഷിച്ചു. 
വ്യത്യസ്ത പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുവാന്‍ വിവിധ പോഷകഘടകങ്ങള്‍ രൂപീകരിച്ചു. 
       1951 സെപ്തംബര്‍ 17-ന് മൗലാനാ അബുല്‍ഹഖ് അബ്ദുല്‍ബാരി മുസ്‌ലിയാരുടെ കാര്‍മികത്വത്തില്‍ വാളക്കുളം പുതുപ്പറമ്പ് ജുമാമസ്ജിദില്‍ നടന്ന ഒരു സുപ്രധാന യോഗത്തില്‍ 33 അംഗ സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി രൂപീകൃതമായി. ഇതിലൂടെ പ്രാഥമിക മതവിദ്യാഭ്യാസ പ്രവര്‍ത്തന രംഗത്ത് സമസ്ത പ്രവേശിച്ചു. 
    സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ബോര്‍ഡിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന   അധ്യാപകരുടെ സംഘശക്തിയാണ്. ഈ അധ്യാപക സംഘടനക്ക് കേന്ദ്രകമ്മിറ്റി കൂടാതെ കേരളത്തിലും പുറത്തുമായി 17 ജില്ലാ ഘടകങ്ങളും 403 റൈഞ്ച് കമ്മിറ്റികളുമുണ്ട്. 
    1954 ഏപ്രില്‍ 25-ന് താനൂരില്‍വച്ച് സമസ്തയുടെ സമ്മേളനം നടന്നു. യുവസമൂഹത്തെയും പൊതുജനത്തെയും സമസ്തയുടെ കീഴില്‍ അണിനിരത്തുക, താഴെ തട്ടുമുതല്‍ തന്നെ സമസ്തക്കു വ്യവസ്ഥാപിത സംഘടനാ രൂപം നല്‍കുക തുടങ്ങിയ ഉദ്ദേശത്തോടെ, സമസ്തക്കുകീഴില്‍ ഒരു യുവജന പ്രസ്ഥാനം രൂപീകരിക്കാന്‍ സമ്മേളനത്തില്‍വെച്ച് തീരുമാനിച്ചു. 1954 ഏപ്രില്‍ 26-ന് കോഴിക്കോട്ടെ അന്‍സാറുല്‍ ഇസ്‌ലാം ഓഫീസില്‍ വച്ചാണ് സുന്നി യുവജന സംഘം ജന്‍മമെടുത്തത്. ഇപ്പോള്‍ ഈ യുവജന സംഘത്തിന് കേരളത്തിലെ എല്ലാ ജില്ലകളിലും പ്രത്യേക കമ്മിറ്റികളും നിരവധി ശാഖകളും നിലവിലുണ്ട്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും വിദേശങ്ങളിലും സംഘടനക്ക് യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നു. 1961-ല്‍ കക്കാട്ട് സംഘടിപ്പിക്കപ്പെട്ട 21-ാമത് പൊതു സമ്മേളനത്തില്‍ വച്ചാണ് സുന്നി യുവജനസംഘത്തെ ഒരു പോഷക സംഘടനയായി സമസ്ത അംഗീകരിച്ചു.
സംസ്ഥാനത്തെ മുസ്‌ലിം മഹല്ലുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സംഘടിത രൂപം നല്‍കുക എന്ന ലക്ഷ്യത്തോടെ 1976 ഏപ്രില്‍ 26ന് ചെമ്മാട് നടന്ന തിരൂര്‍ താലൂക്ക് സമസ്ത സമ്മേളനത്തില്‍ സുന്നി മഹല്ല് ഫെഡറേഷന്‍ (എസ്എംഎഫ്) എന്ന മഹല്ലു സംഘടനക്കു രൂപം കൊടുത്തു. സമസ്തയുടെ ഈ പോഷകവിഭാഗം പ്രത്യേകിച്ച് മഹല്ലുകളെ ഏകോപിപ്പിക്കുന്ന കാര്യത്തില്‍ ശ്രദ്ധേയമായ നിരവധി നേട്ടങ്ങള്‍ കാഴ്ച്ചവെക്കുകയുണ്ടായി. ഇപ്പോള്‍ മഹല്ലുകള്‍ക്ക് അംഗീകാരം നല്‍കി സംഘടന കൂടുതല്‍ ശക്തമായി പ്രവര്‍ത്തിച്ചുവരുന്നു. 
      മുസ്‌ലിം വിദ്യാര്‍ത്ഥികളെ സമസ്തക്കുകീഴില്‍ സംഘടിപ്പിക്കുകയും അവരെ ഉദാത്തമായ ധര്‍മ്മനിഷ്ഠയുള്ള ജീവിതത്തിലേക്ക് വഴിനടത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ 1989 ഫെബ്രുവരി 19-നാണ് സമസ്ത നേതാക്കളുടെ ആഭിമുഖ്യത്തില്‍ എസ്‌കെഎസ്എസ്എഫ് എന്ന വിദ്യാര്‍ത്ഥി സംഘടന സ്ഥാപിക്കപ്പെടുന്നത്. മികച്ച നിരവധി പ്രവര്‍ത്തനങ്ങളിലൂടെ സംഘടന വലിയ വളര്‍ച്ച നേടിയിട്ടുണ്ട്. 
സുന്നി ബാലവേദി, സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസപരീക്ഷാ ബോര്‍ഡ്, മദ്രസാ മാനേജ്‌മെന്റ് അസോസിയേഷന്‍, സമസ്ത കേരള മുസ്‌ലിം എംപ്ലോയീസ് അസോസിയേഷന്‍ എന്നീ പോഷക സംഘടനകള്‍കൂടി സമസ്തയുടെ കീഴില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.
      സമുദായത്തിനകത്ത് സമസ്തയുടെ മഹിതമായ സന്ദേശ പ്രചരണം സാധ്യമാക്കുന്നത്   നിരവധി പ്രസിദ്ധീകരണങ്ങള്‍ മുഖേനയാണ്. ആദ്യം അറബിമലയാളത്തിലും പിന്നീട് 1954-ല്‍ മലയാളത്തിലും അല്‍ബയാന്‍ മാസിക പ്രസിദ്ധീകരിച്ചു. 1959-ല്‍ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ അതിന്റെ മുഖപത്രമായ 'അല്‍മുഅല്ലിം' (ത്രൈമാസിക) പ്രസിദ്ധീകരിച്ചു. 1977-ല്‍ മാസികയായി പുനഃപ്രസിദ്ധീകരിച്ചു.
     കുട്ടികള്‍ക്കായി 'കുരുന്നുകള്‍', സ്ത്രീകള്‍ക്കും കുടുംബിനികള്‍ക്കുമായി 'സന്തുഷ്ടകുടുംബം' എന്നീ രണ്ടു പ്രധാനപ്പെട്ട മാസികകള്‍ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിദ്ധീകരിക്കുന്നുണ്ട്. കുരുന്നുകള്‍ കന്നഡ ഭാഷയിലും പ്രസിദ്ധീകരിക്കുന്നു. സമുദായത്തിന് മൊത്തത്തിലും സ്ത്രീ സമൂഹത്തിന് പ്രത്യേകിച്ചും ഇസ്‌ലാമിക വായനയുടെ നവ്യാനുഭൂതി പകര്‍ന്നു നല്‍കുകയെന്നതാണ് കുടുംബ മാസികയായ 'സന്തുഷ്ട കുടുംബ'ത്തിന്റെ ലക്ഷ്യം. കേരളത്തില്‍ ഏറ്റവുമധികം വരിക്കാരും വായനക്കാരുമുള്ള ഇസ്‌ലാമിക പ്രസിദ്ധീകരണമാണ് സന്തുഷ്ട കുടുംബം മാസിക.
സുന്നി അഫ്കാര്‍ വാരികയും(എസ്‌വൈഎസ്), സത്യധാര  ദൈ്വവാരികയും(എസ്‌കെഎസ്എസ്എഫ്) പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്നു. ചെമ്മാട് ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയില്‍നിന്ന് 'തെളിച്ചം' മലയാള മാസികയും ജാമിഅ: നൂരിയ്യ:യില്‍നിന്ന് 'അന്നൂര്‍', പറപ്പൂര്‍ സബീലുല്‍ ഹിദായയില്‍ നിന്ന് ''അന്നഹ്‌ള'' അറബി മാസികയും പ്രസിദ്ധീകരിക്കുന്നു. 
    ഏതൊരു സംഘടനയെയും പോലെ ഭിന്നിപ്പുകള്‍ സമസ്തയുടെ ചരിത്രത്തിന്റെയും ഭാഗമായിട്ടുണ്ട്. 60-കളില്‍ തബ്‌ലീഗ് ജമാഅത്തിനെതിരെ സമസ്ത കൈകൊണ്ട തീരുമാനത്തില്‍ പ്രതിഷേധിച്ച് ചില പണ്ഡിതന്മാര്‍ സമസ്ത വിടുകയും അഖിലകേരള ജംഇയ്യത്തുല്‍ ഉലമാ എന്ന സംഘടനക്ക് രൂപം നല്‍കുകയും ചെയ്തു. ഈ സംഘടനയുടെ പ്രധാനികളിലൊരാളായിരുന്നു പിന്നീട് വിവാദനായ കാന്തപുരം എ.പി.അബൂബക്കര്‍ മുസ്‌ലിയാര്‍. പിന്നീട് ആ സംഘടന പ്രവര്‍ത്തന രഹിതമായി.
പ്രാര്‍ത്ഥനകളില്‍ ഉച്ഛഭാഷിണി ഉപയോഗിക്കുന്നത് മതവിരുദ്ധമാണെന്ന് സമസ്തയിലുണ്ടായിരുന്ന ശ്രദ്ധേയനായൊരു പണ്ഡിതന്‍ അഭിപ്രായപ്പെട്ടപ്പോള്‍ സമസ്ത ഔദ്യോഗികമായി അദേഹത്തിന്റെ നിലപാടുകളെ മതപരമായി എതിര്‍ത്തു. തത്ഫലമായി അദ്ദേഹം സമസ്തയില്‍ നിന്ന് രാജിവെക്കുകയും കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമയെന്ന സംഘടനക്ക് രൂപം നല്‍കുകയും ചെയ്തു. 
നിരുത്തരവാദപരമായ ചിലപ്രവര്‍ത്തനങ്ങള്‍ നടത്തിയതിനാല്‍ കാന്തപുരം അബൂബക്ര്‍ മുസ്‌ലിയാര്‍ അടക്കം ഏതാനും ചിലര്‍ക്ക് ഈ മഹാപ്രസ്ഥാനത്തില്‍നിന്ന് പുറത്തുപോകേണ്ടിവന്നു. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ എന്ന സംഘടനക്ക് രൂപം നല്‍കി അവര്‍ പ്രവര്‍ത്തിച്ചുവരുന്നു. ഈ വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മുസ്‌ലിം സമൂഹത്തിന് വലിയകളങ്കങ്ങള്‍ വരുത്തിയത് പോലെ സമുദായത്തില്‍ ഛിദ്രതയും മഹാനഷ്ടങ്ങളും ഉണ്ടാക്കിയിട്ടുണ്ട്.
കേരള മുസ്‌ലിംകളില്‍ ഏറ്റവുമധികം സ്വാധീനിവും വിശ്വാസ്യതയും നേടിയ മഹാപ്രസ്ഥാനമാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ. വികേന്ദ്രീകൃത നേതൃരീതിയില്‍ നിന്ന് കേന്ദ്രീകൃത രീതിയിലേക്ക് കാലെടുത്തു വച്ചു കൊണ്ട് പാരമ്പര്യമായി മുസ്‌ലിം ഉമ്മത്ത് കൈകൊണ്ടിരുന്ന എല്ലാ രീതികളും പൈതൃകവും പരിരക്ഷിക്കുന്ന ഏക ആധികാരിക പണ്ഡിത സഭ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ മാത്രമാണ്.
   1934 നവംബര്‍ 12ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സൊസൈറ്റീസ് രജിസ്‌ത്രേഷന്‍ ആക്ട്പ്രകാരം കോഴിക്കോട് ജില്ലാരജിസ്തര്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ (രജി. നമ്പര്‍ എസ്.1. 1934-35) ഉണ്ടായിരുന്ന മുശാവറ അംഗങ്ങള്‍
1. ആങ്ങോട്ട് പുത്തന്‍ പീടിയേക്കല്‍ അഹ്മദ്കുട്ടി മൗലവി പാങ്ങ് (പ്രസിഡണ്ട്)
2. കുളമ്പില്‍ അബ്ദുല്‍ബാരി മൗലവി, വാളക്കുളം (വൈ.പ്രസിഡണ്ട്)
3. കുന്നുമ്മല്‍ മാമുംതൊടിയില്‍ അബ്ദുല്‍ഖാദിര്‍ മൗലവി, മങ്കട പള്ളിപ്പുറം (വൈ.പ്രസിഡണ്ട്)
4. മൗലവി, ഫാസില്‍ പി.കെ. മുഹമ്മദ് മീരാന്‍ മുസ്‌ലിയാര്‍, തിരുവാലി (വൈ.പ്രസിഡണ്ട്)
5. അമ്പലപ്പുറത്ത് ഇമ്പിച്ചഹ്മദ് മൗലവി ഫറോക്ക് (വൈ.പ്രസിഡണ്ട്)
6. പഴയ പള്ളിവീട്ടില്‍ മുഹമ്മദ് ഹാജി കോഴിക്കോട് (സെക്രട്ടറി)
7. എരഞ്ഞിക്കല്‍ അഹ്മദ് മൗലവി ഫറോക്ക് (അസി. സെക്രട്ടറി)
8. വലിയ കുനേങ്ങല്‍ മുഹമ്മദ് മൗലവി മുദാക്കര, കോഴിക്കോട് (അസി. സെക്രട്ടറി)
9. പുതിയകത്ത് മമ്മത് കോയഹാജി കോഴിക്കോട് (ഖജാഞ്ചി)
10. പുതാറമ്പത്ത് ശിഹാബുദ്ദീന്‍ അബൂസആദത്ത് അഹ്മദ് കോയ മൗലവി ചാലിയം
11. പുത്തലത്ത് പീടിയേക്കല്‍ മുഹമ്മദ് മൗലവി ബേപ്പൂര്‍
12. സയ്യിദ് അബ്ദുറഹ്മാന്‍ മുഹമ്മദലി പൂക്കോയതങ്ങള്‍ മമ്പാട്
13. കരിമ്പനക്കല്‍ മുഹമ്മദ്കുട്ടി മൗലവി കൈപ്പറ്റ
14. കൊളപ്പുറത്ത് കുഞ്ഞഹ്മദ് മൗലവി ഇരിമ്പാലശ്ശേരി
15. പാനായിക്കുളത്ത് കരുവേലിപറമ്പില്‍ അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ കാഞ്ഞിരമുക്കില്‍
16. ചെറിയമുണ്ടംകുണ്ടില്‍ കുഞ്ഞിപ്പോക്കര്‍ മൗലവി കല്‍പകഞ്ചേരി
17. പൊക്കാവില്‍ ഉണ്യാലിക്കുട്ടി മൗലവി കുറ്റിപ്പാല
18. കൊടമ്പിയകത്ത് മുഹമ്മദ് മൗലവി പൊന്നാനി
19. നാലകത്ത് മരക്കാര്‍കുട്ടി മൗലവി മഞ്ചേരി
20. കരിമ്പനക്കല്‍ സ്വദഖത്തുള്ള മൗലവി മമ്പാട്
21. മടത്തൊടിയില്‍ കാപ്പാട്ട് മമ്മത് മൗലവി മലപ്പുറം
22. മുടയന്‍പുലാക്കല്‍ അലി ഹസന്‍ മൗലവി തിരൂര്‍
23. പാലക്കാവളപ്പില്‍ പടിഞ്ഞാറെ ഒറ്റയില്‍ ബാവമൗലവി വടകര
24. തലശ്ശേരി പുതിയവീട്ടില്‍ അബ്ദുല്ല മുസ്‌ലിയാര്‍ തുണേരി
25. പാലോട്ട് മൂസ്സക്കുട്ടി ഹാജി കണ്ണൂര്‍
26. കണ്ണിയത്ത് അഹ്മദ് മുസ്ലിയാര്‍ വാഴക്കാട്
27. ഉദിനൂര്‍ മായിങ്ങാന്റെ വീട്ടില്‍ അബ്ദുറഹ്മാന്‍ മൗലവി ഫറോക്ക്
28. ഓവുങ്ങല്‍ അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ മലപ്പുറം
29. കൂരിമണ്ണില്‍ പാറപ്പുറത്ത് ഉണ്ണീദു മൗലവി മലപ്പുറം
30. കൂരിമണ്ണില്‍ മമ്മുണ്ണി മൗലവി പൂക്കോട്ടൂര്‍
31. തെക്കരകത്ത് മമ്മത്‌കോയ മൗലവി കോഴിക്കോട്
32. അടക്കാനി വീട്ടില്‍ മമ്മത് മുല്ല കോഴിക്കോട്
33. കോയവീട്ടില്‍ സയ്യിദ് അഹ്മദ് ഇമ്പിച്ചിക്കോയ തങ്ങള്‍ കോഴിക്കോട്
34. ഇടിയങ്ങര പള്ളിവീട്ടില്‍ കുഞ്ഞിക്കോയമൊല്ല ഇടിയങ്ങര, കോഴിക്കോട്
35. ഉമ്മാട്ട് മുരിങ്ങെക്കല്‍ അബ്ദുല്‍അലി എന്ന കോമു മൗലവി പനയത്തില്‍ മുദരിസ്, പരപ്പനങ്ങാടി.
36. തങ്കയത്തില്‍ കുഞ്ഞാപ്പ മൗലവി ചെറുതുരുത്തി
37. കരിമ്പനക്കല്‍ അഹ്മദ് മൗലവി മണ്ണാര്‍ക്കാട്
38. കൊല്ലോളി ചേവായൂര് കളത്തില്‍ അബ്ദുല്‍ഖാദിര്‍ മൗലവി കുണ്ടോട്ടി
39. തൊണ്ടിക്കൊടന്‍ കുഞ്ഞായിന്‍ മൗലവി കൊയപ്പ കുണ്ടോട്ടി
40. ഇടിയങ്ങര പള്ളിവീട്ടില്‍ അബൂബക്കര്‍ മൊല്ല കോഴിക്കോട്
സാക്ഷികള്‍ :
1) ഖാന്‍ സാഹിബ് വി. ആറ്റക്കോയ തങ്ങള്‍ പൊന്നാനി
2) മലപ്പുറം ഖാസി ഖാന്‍ ബഹദൂര്‍ ഒ.പി.എം. മുത്തുകോയതങ്ങള്‍

No comments:

Post a Comment

ABOUT VIQAYA

ഒരോരുത്തരും അവരവരിലേക്കു ചുരുങ്ങുന്ന പുതിയ കാലത്ത് മറ്റുള്ളവര്‍ക്കു വേണ്ടി സ്വയം സമര്‍പ്പിതരാവാന്‍ തയ്യാറായിരിക്കുകയാണ് ‘സമസ്ത’യുടെ വിദ്യാ...